ജെല്ലിക്കെട്ട് വിരണ്ടോടിയത് ലോകസിനിമ ഭൂപടത്തിലേക്ക്.

ജെല്ലിക്കെട്ട് എന്ന സിനിമയെക്കുറിച്ച് റിവ്യൂ എഴുതാൻ ഞാൻ ആളല്ല.ഒരു Element ൽ നിന്ന് കൊണ്ടു തന്നെ പല Element കൾ പ്രതിപാദിക്കുന്ന സിനിമയുടെ മർമ്മമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Terrific direction,മലയാള സിനിമയുടെ craftsman ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ സിനിമ പ്രേമിയുടെ മനസ്സിലും വാക്കിലും ഇതു മാത്രമാകും.ഒപ്പം ഇയാൾ എന്തൊരു മനുഷ്യനാണെന്നുള്ള ഒരു ആത്മഗതവും.ചർച്ച ചെയ്യുന്ന വിഷയം ഭീകരവും,അവതരണം അതിഭീകരവും.
മേപ്പാറ എന്ന പ്രദേശത്ത് കശാപ്പിന് വേണ്ടി കൊണ്ടുവരുന്ന പോത്ത് വിരണ്ടോടി പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങൾ വലിയൊരു കലാപത്തിലേക്ക് പ്രവേശിക്കുന്നതാണ് സിനിമയുടെ പ്രമേയം.

സ്വാർത്ഥ മനോഭാവത്തോടെ ജീവിക്കുന്ന ജനങ്ങളുടെ ജീവിതോപാധികൾക്ക് പോലും ഭീഷണിയാകുന്ന പോത്തിനെ കടിഞ്ഞാണിടാൻ ജനങ്ങളെല്ലാം ഒരുങ്ങുന്നു. ഇതിനിടയിൽ ഒരു സാമൂഹികാവസ്ഥയിൽ മുളപൊട്ടുന്ന രഹസ്യങ്ങളും പരസ്യങ്ങളും പുറത്തുവരുന്നുണ്ട് സിനിമയിൽ.ഒരു വൃദ്ധ കഥാപാത്രം പറയുന്നുണ്ട് തന്റെ അപ്പനപ്പൂപ്പന്മാരുടെ കാലത്ത് ഇവിടെ കാളവണ്ടി എത്തിയിരുന്നില്ല എന്ന്.ആനയും കരടിയും മറ്റു പല മൃഗങ്ങളും മാത്രം വസിച്ചിരുന്ന കാട്,മനുഷ്യവാസമായതിന്റെ അർത്ഥം ഒന്ന് ചികഞ്ഞു നോക്കിയാൽ മനസ്സിലാകും,നാൽക്കാലികൾ ആയ മൃഗത്തേക്കാളും, ഭയക്കേണ്ടത് ഇരുകാലികളായ ഓരോ മനുഷ്യമൃഗങ്ങളെയാണെന്ന്.ഇരുകാലുള്ള മൃഗങ്ങളാണ് ഇവന്മാരെന്ന് വൃദ്ധൻ സമർത്ഥിക്കുന്നുണ്ട് സിനിമയിൽ.

അലറിവിളിച്ചുകൊണ്ട് എപ്പോൾ വേണമെങ്കിലും വിരണ്ടോടാനിരിക്കുന്ന ഒരു പോത്ത് ഓരോ മനുഷ്യനിലുമുണ്ടെന്ന് ജെല്ലിക്കെട്ട് കൊണ്ട് വ്യക്തം.ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി മനുഷ്യന്റെയാണെന്നുള്ളത് മനുഷ്യനിലെ ഉറങ്ങിക്കിടക്കുന്ന കാടത്തമാണെന്ന് സിനിമയുടെ climax ൽ ഓരോ പ്രേക്ഷകനും അത്ഭുതത്തോടെ കണ്ടിരിക്കും.ഗിരീഷ് ഗംഗാധരൻ എന്ന പ്രതിഭയുടെ ചായാഗ്രഹണം സിനിമയെ മികച്ച തലത്തിലെത്തിച്ചു. ഭീകരത വെളിവാക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരെ പിടിച്ചിരുത്തും.

സ്ത്രീകളെ അബലകളാക്കി എന്തെന്നില്ലാതെ അവരോടാർക്കുന്ന പല കഥാപാത്രങ്ങളുടെയും,കണ്ണുരുട്ടൽ കൊണ്ടുപോലും സിനിമയില് ഓരോ മനുഷ്യനിലുമുള്ള മൃഗീയതയുടെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാകും.ഒരു കഥാപാത്രത്തിന് വീട്ടിലേക്ക് ഇറച്ചി കൊണ്ട് കൊടുക്കുമ്പോൾ അസഹ്യമായ മുഖഭാവത്തോടെയും,പിന്നീട് തിരിഞ്ഞു ഭാര്യയോട് തേങ്ങാപ്പാൽ ഒഴിച്ച് വയ്ക്കണമെന്നും പറയുന്നയാൾ ഈ രാജ്യത്ത് ഇഷ്ട ഭക്ഷണം കഴിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതെയാക്കിയ ഭരണകർത്താക്കളുടെ ഒരു പ്രതിനിധിയാണ്.

ഞാൻ പറഞ്ഞല്ലോ,ജെല്ലിക്കെട്ടിനെ കുറിച്ചെഴുതാൻ ഞാനാളല്ല.മനസ്സിൽ ഇപ്പഴും കനത്തിലൊരു അടി കൊണ്ട അതെ തരിപ്പാണുള്ളത്.ടൊറൊന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് ജെല്ലിക്കെട്ട് കേരളത്തിലേക്ക് വിരണ്ടോടിയെത്തിയപ്പോൾ ഇങ്ങനൊരു സിനിമ മലയാളത്തിൽ സംഭവിക്കുന്നത് ആദ്യമെന്നു തന്നെയെന്നു ഉറപ്പിച്ചു പറയാം.

കുമ്പളങ്ങിയിലെ രാത്രികൾ; പകർന്ന സമവാക്യങ്ങൾ

‘രണ്ടോ,രണ്ടു മണിക്കൂറിലധികമോ ദൈർഘ്യമുള്ള സിനിമ ആസ്വാദ്യകരവും, കൃത്യമായ സാമൂഹിക-രാഷ്ട്രീയ നിരീക്ഷണവും ഉൾക്കൊള്ളുന്നതാകണം.ഈ വിധത്തിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ ബ്രില്യൻസ് തെളിഞ്ഞുകാണാം, നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെ.സിനിമയെക്കുറിച്ചുള്ള തുടക്കം തൊട്ട് അവസാനം വരെയുള്ള വിലയിരുത്തലിന് ഇപ്പോൾ പ്രസക്തിയില്ലെന്നറിയാം,കഴിഞ്ഞുപോയ ഏതാനും ദിവസങ്ങളിൽ മാധ്യമങ്ങൾ അത് വ്യക്തമായി നിർവ്വഹിച്ചിരുന്നു.എന്നാലും എനിക്ക് സിനിമയിലുടക്കിയ ചില സാമൂഹിക യാഥാർത്ഥ്യങ്ങളുടെ സ്ഥിതിവിശേഷമാണ് കുമ്പളങ്ങി നൈറ്റ്സ് വരച്ചിടുന്നത്,അതൊന്നു പരിശോധിക്കാം.’

ഒരു ശരാശരി മലയാളിയുടെ എല്ലാവിധ കയ്യിലിരിപ്പുകളുമുള്ള ഒരു കഥാപാത്രമാണ് ഷമ്മി (ഫഹദ് ഫാസിൽ).ഗൃഹനാഥൻ മരിച്ച ആൺതുണയില്ലാത്ത കുടുംബത്തെ സംരക്ഷിക്കുന്ന രക്ഷകൻ.സിമിയാണ് (ഗ്രേസ് ആൻ്റണി) ഷമ്മിയുടെ ഭാര്യ.പിന്നെ ആ വീട്ടിൽ സിമിയുടെ സഹോദരി ബേബി മോളും (അന്ന ബെൻ) ഇരുവരുടെ അമ്മയും.തന്നെ കൂടാതെ മറ്റുള്ള മനുഷ്യരിൽ ഷമ്മി ഒരു വിമുഖത പ്രകടിപ്പിക്കുന്നത് മുഖ്യമായി സിനിമയിൽ കാണാം.രക്ഷകവേഷം കെട്ടിയാടുന്നതിനനുസരിച്ച് കുടുംബത്തെ തനിക്കു ചുറ്റും കറക്കാനാണ് ഷമ്മിയിലെ ആണധികാരം ആഗ്രഹിക്കുന്നത്. സ്ത്രീകൾക്കിടയിലെ നിസ്സാരമായ സംസാരങ്ങളെ പോലും മുഖവിലക്കെടുക്കുന്ന ഷമ്മി ‘ഞാനറിയാതെ ഇവിടെയൊന്നും നടക്കരുതെന്നുള്ള’ ശാഠ്യത്തിൻ്റെ പ്രതീകമാണ്. ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിൻ്റെ പിറകെ ചെല്ലാൻ പറയുന്ന സിമിയുടെ അമ്മയെന്ന കഥാപാത്രം ഓരോ വീട്ടിലും കാണും.’അടുക്കളയിൽ കുറച്ചു പേർ,ഇവിടെ കുറച്ചുപേർ അങ്ങനെയൊന്നും ഇനി വേണ്ട ഇന്ന് മുതൽ നമുക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം’എന്ന ഷമ്മിയുടെ പറച്ചിൽ വീടെന്ന സാമൂഹിക സ്ഥാപനത്തിൽ പോലും സ്ത്രീയുടെ സംസാര സ്വാതന്ത്ര്യത്തിനേറ്റ വലിയ പ്രഹരമാണ് എന്നുള്ളതിൽ സംശയമില്ല.

എന്നാൽ ഇതിൽ നിന്ന് എത്രയോ വ്യത്യസ്തമായ മറ്റൊരു പ്രദേശം.ഒരു തുരുത്ത്. തീട്ടപറമ്പ് എന്ന അപരനാമം പേറുന്ന പട്ടിയെയും,പൂച്ചയെയും കൊണ്ട് കളയുന്ന സ്ഥലം.അവിടെയും കുറച്ചു കഥാപാത്രങ്ങളുണ്ട്.വ്യക്തമായ ജീവിത ലക്ഷ്യമില്ലാത്ത സജിയും (സൗബിൻ ഷാഹിർ) ബോബിയും (ഷെയ്ൻ നിഗം), ഒപ്പം ജീവിതത്തിൽ ചിലതെങ്കിലും നേടാനാകണമെന്ന് മനസ്സുള്ള ബോണിയും (ശ്രീനാഥ് ഭാസി),ഫ്രാങ്കിയും (മാത്യു തോമസ്).മാതാപിതാക്കളുടെ അഭാവം മൂലം നാല് സഹോദരങ്ങളും ജീവിതം നയിക്കുന്നത് കക്കൂസില്ലാത്ത,വാതിലും ജനലുമില്ലാത്ത, തേക്കാത്ത,അടച്ചുറപ്പില്ലാത്ത വീട്ടിലാണ്. പെൺതുണയില്ലാത്തതിൻ്റെ സകലമാന വ്യഥകളും അനുഭവിക്കുന്ന നാല് സഹോദരങ്ങൾ.അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വ്യത്യസ്ത മേൽവിലാസമുള്ള മൂന്ന് സ്ത്രീ കഥാപാത്രങ്ങൾ സിനിമക്ക് കാമ്പും, കരുത്തുമേകുന്നു.ദേശരാഷ്ട്ര സങ്കൽപനങ്ങൾ തങ്ങളുടെ ചെറിയലോകത്തിൽ എത്രമാത്രം സങ്കുചിതമായ ചിന്താഗതിയാണെന്ന് ബോണിക്ക് തൻ്റെ ജീവിതത്തിൽ ഒരു ആഫ്രിക്കൻ യുവതി കടന്നുവരുമ്പോൾ മനസ്സിലാകുന്നുണ്ട്.
മതസ്പർദ്ധ നിലകൊള്ളുന്ന സമൂഹത്തിലെ സങ്കല്പനങ്ങളെ പ്രതിനിധാനം ചെയ്യാതെ,സ്ത്രീ പുരുഷൻ എന്ന രണ്ട് വർഗ്ഗ ബോധ്യത്തോടെ ‘ട്രൂ ലൗവ്വിലാകുന്ന’ ബോബിയും,ബേബിയും.

സാഹോദര്യം എന്ന ആശയത്തിനുള്ള വില എത്ര മാത്രം സാധ്യമാക്കാൻ സാധിക്കുമെന്ന ബോധ്യമാണ് സൗബിൻ തകർത്താടിയ സജി. തൻറെ കൂടെ ജോലി ചെയ്തിരുന്ന,സഹോദര തുല്യനായ,മരിച്ചുപോയ തമിഴൻ മുരുകൻ്റെ (രമേഷ് തിലക്) ഭാര്യ സതിയെ (ഷീല) പ്രസവാനന്തരം കുഞ്ഞുമായി വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത്, മാനവികതയുടെ മികച്ച ഭാഷ്യം കുമ്പളങ്ങിക്ക് പകരുന്നുണ്ട്.നിരന്തരം തല്ലുകൂടുന്ന സഹോദരങ്ങൾ സ്ത്രീകളുടെ കടന്നുവരവോടെ ഭൂതക്കാലം വിസ്മരിച്ച്, നന്മയുടെയും,സ്നേഹത്തിൻ്റെയും പുതിയ പാത വെട്ടിത്തെളിക്കുന്നു.സിനിമയുടെ ആദ്യഘട്ടത്തിൽ തുരുത്തും, തീട്ടപ്പറമ്പും പുറംലോകത്തിൽ നിന്നും,അവരെ സംബന്ധിച്ച് എത്രയോ അകലെയാണെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്നു.എന്നാൽ പുറംലോകത്ത് സംജാതമാകാത്ത മനുഷ്യ നന്മകൾ കുമ്പളങ്ങിയിലെ സഹോദരങ്ങൾ ആർജ്ജിച്ചെടുക്കുന്നു.അരികുവൽക്കരണത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഒരു കുടുംബത്തിൻ്റെ ശേഷിപ്പാണ് കുമ്പളങ്ങി നൈറ്റ്സ്.കുടുംബത്തിൻ്റെ നെടുംതൂൺ ആണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഷമ്മിയിലെ വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം. സീൻ ഡാർക്കാവാനുള്ള സാധ്യതകൾ ഉണ്ടാകാമെന്ന തോന്നലിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുകയും, എന്നാൽ പിന്നീട് സീൻ നൈസാക്കുന്ന കാഴ്ചയും തിരക്കഥയുടെ ശക്തിയായി മാറുന്നുണ്ട്.

സദാചാര കുല പുരുഷനായ ഷമ്മിയിലെ വികാരങ്ങൾ ശരാശരി മലയാളിക്കിട്ടുള്ള ഒരടിയാണ്. വ്യഭിചാരം എന്ന ഒരൊറ്റ ക്യാൻവാസിനെ പൊക്കിപ്പിടിച്ച് സാംസ്കാരിക അടിത്തറ കെട്ടിപ്പടുക്കാം എന്ന മലയാളിയുടെ മണ്ടത്തരം ഷമ്മിയിലുണ്ട്.ചിത്രത്തിൻ്റെ അവസാന ഭാഗങ്ങളിൽ സങ്കീർണമാകുന്ന ബോബിയും,ബേബിയുമായുള്ള പ്രണയത്തെ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ഷമ്മി ബോബിയുടെയും,സഹോദരങ്ങളുടെയും കുടുംബത്തെ ചെളി വാരിയെറിഞ്ഞ് ബേബിക്ക് മുമ്പിൽ സ്വയം മഹാനാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന കാഴ്ച ആണധികാരത്തിൻ്റെ മെറിറ്റാണ്.
‘അവരാണെങ്കിൽ പല തന്തക്ക് ജനിച്ചവരാ. ഞാനാണെങ്കിൽ ഒറ്റ തന്തക്ക് ജനിച്ചവനാ’ എന്ന് തന്നെ മഹത്വവൽക്കരിച്ചു പറയുമ്പോൾ ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്നുണ്ട് ബേബി,’പല തന്തയ്ക്ക് പിറക്കുക എന്നത് ടെക്നിക്കലി പോസിബിൾ അല്ല ചേട്ടാ..എല്ലാവർക്കും ഒരു ഒരു തന്തയെ ഉള്ളൂ’ എന്നു പറയുമ്പോൾ ചൂളിപ്പോകുന്ന ഷമ്മിക്ക് മുൻപിൽ ഏകവഴി സാധാരണ ആണുങ്ങളെപ്പോലെ ആക്രോശിക്കുകയേ നിവർത്തിയുള്ളൂ.മലയാള സിനിമ അനുവർത്തിച്ചുപോന്ന സ്ത്രീവിരുദ്ധത,
ആണധികാരത്തിൻ്റെ മൂർത്തീഭാവമായ ഫ്യൂഡൽ,സ്ത്രീവിരുദ്ധ, അമാനുഷിക കഥാപാത്രങ്ങൾക്കുള്ള ഒരു വലിയ പ്രഹരമാണ് കുമ്പളങ്ങി നൈറ്റ്സ്.കണ്ണാടിയിൽ തൻ്റെ സൗന്ദര്യം ആസ്വദിക്കുമ്പോൾ,ഷമ്മിയുടെ കണ്ണിലുടക്കുന്ന വട്ടപ്പൊട്ട് ബ്ലേഡ് ഉപയോഗിച്ച് എടുത്തു മാറ്റുമ്പോൾ, അടുക്കളയിൽ വമിക്കുന്ന പുകയ്ക്ക് ചുറ്റും എരിഞ്ഞു തീരുന്ന സ്ത്രീയുടെ കാലനാണ് ഷമ്മിയെന്ന് തോന്നും.

പ്രശാന്ത സുന്ദരമായ രാത്രികളെ സങ്കീർണവും,പ്രക്ഷുബ്‌ധവുമാക്കി മാറ്റുന്ന ഒരു രചനാവൈഭവം ശ്യാം പുഷ്കരന് കൈയ്യടി നേടി കൊടുക്കുന്നു. ജീവിതത്തിൽ നിസ്സാരമെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ചെറിയൊരു കാര്യത്തെപ്പോലും തൻ്റെ രചനയിൽ ഉൾപ്പെടുത്തി മാജിക്കൽ റിയലിസത്തോടു കൂടി സിനിമയിൽ ആവിഷ്കരിക്കുന്ന പ്രതിഭാധനൻ. എവിടെയെങ്കിലും സിനിമ നഷ്ടപ്പെടുമോ,തിരക്കഥയിൽ നിന്ന് പുറകോട്ട് പോകുമോ സിനിമയെന്ന ചിന്തയെ അനായാസം മാറ്റിനിർത്തി മധു.സി.നാരായണൻ്റെ ബ്രില്ല്യൻസ്.സിനിമയെ മികച്ച അനുഭവമാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നു ഛായാഗ്രഹണം.ഓരോ സിനിമ കഴിയുന്തോറും ഷൈജു ഖാലിദ് എന്ന പ്രതിഭയുടെ മാറ്റ് കൂടുന്നു.ഓരോ ദൃശ്യങ്ങൾക്കും മിഴിവ് പകരാൻ സുഷിൻ ശ്യം ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയിൽ അവിഭാജ്യ ഘടകമായി തീർന്നു.

പേരൻപിലേക്കുള്ള യാത്ര

‘സിനിമ ഇറങ്ങി രണ്ടാഴ്ചയ്ക്ക് ശേഷമാണ് പേരൻപ് കാണാൻ കഴിഞ്ഞത്. നിസ്സീമമായ വാൽസല്യത്തിന്റെ ആൾരൂപമായ അമുദവൻ എന്ന അച്ഛൻറെ ആന്തരികമായ വ്യഥയാണ് പേരൻപ്.ഇത് സിനിമയെക്കുറിച്ചുള്ള പുനപരിശോധനയല്ല,മറിച്ച് ഒരു സിനിമ പ്രേമി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് കിട്ടിയ അനുഭവങ്ങളുടെ സാക്ഷാത്കാരമാണ്.’

ഉള്ള് പിടിച്ചുലക്കുന്ന ആവിഷ്കാരം, ബന്ധങ്ങൾക്കിടയിലെ സങ്കീർണതകളുടെ ആധിക്യം.വ്യത്യസ്ത കഥാപശ്ചാത്തലങ്ങളെ വെള്ളിത്തിരയിലേക്ക് പകർത്തുന്നതിൽ റാം എന്ന സംവിധായകന്റെ മികവ് ഏറെ വലുതാണ്.കട്രത് തമിഴ്,തങ്കമീൻകൾ പോലുള്ള സിനിമകളിലൂടെ ശക്തമായ ഭാഷ്യമാണ് റാം രചിച്ചത്.പ്രകൃതിയെയും മനുഷ്യാവസ്ഥയെയും ഒന്നിച്ച് കോർത്തിണക്കി, അമുദവൻ തൻ്റെ ജീവിതത്തെ 12 അധ്യായങ്ങളായാണ് സിനിമയിൽ എഴുതുന്നത്.പേരൻപ് എന്നാൽ ഉയർത്തെഴുന്നേൽപ്പ്(Resurrection) എന്നാണർത്ഥം.ജനനം മുതൽ സ്പാസ്റ്റിക് പരാലിസിസ് എന്ന അപൂർവ്വ അവസ്ഥയ്ക്ക് വിധേയയായ 14 കാരി പാപ്പ എന്ന പെൺകുട്ടിക്ക് 10 വർഷമായി ദുബായിലുള്ള തൻ്റെ പിതാവ് അപരിചിതനാണ്.സ്പാസ്റ്റിക് ഒരു രോഗമല്ല, മറിച്ച് എതൊരു മഹാരോഗത്തേക്കാളും എത്രമാത്രം പരിതാപകരമാണെന്ന് കഥയുടെ തുടർച്ചയിൽ ഓരോ പ്രേക്ഷകനും അനുഭവിച്ചറിയുന്നുണ്ട്.
അപരിചിതത്വത്തിൽ നിന്ന് പാപ്പ,തൻ്റെ അച്ഛനെ ഉള്ളു കൊണ്ട് തിരിച്ചറിയുന്നത് പുതിയൊരു ലോകത്തിൽ എത്തുമ്പോഴാണ്. പ്രകൃതിയും, മനുഷ്യനും അടുത്ത ബന്ധം തന്നെയാണെന്ന് അസന്ദിഗ്ധമായി പറയാം. ഒരുപക്ഷെ അമുദവനും,പാപ്പക്കും മുന്നോട്ടുള്ള ജീവിതയാത്രയിൽ പ്രചോദനമെന്നോണം എന്തെല്ലാമോ പ്രകൃതി കനിഞ്ഞു നൽകുന്നുണ്ട്,നഗരത്തിൽ നിന്ന് ഗ്രാമത്തിലെ മനുഷ്യവാസം കുറഞ്ഞ പ്രദേശത്തേക്ക് ചേക്കേറുമ്പോൾ.ആദ്യ ഘട്ടങ്ങളിലൊന്നും അച്ഛനുമായി അടുക്കാത്ത മകൾ ഒരു ദിവസം വീടിനുള്ളിൽ അകപ്പെട്ടുപ്പോയ കിളിയെ അമുദവനെ വിളിച്ച് കാണിക്കുകയും അയാൾ അതിനെ എടുത്ത് പുറത്തേക്ക് വിടുകയും ചെയ്യുന്നത് കഥയിൽ അച്ഛൻ്റെയും, മകളുടെയും ഊഷ്മള ബന്ധത്തിലേക്കുള്ള ചുവടുവെപ്പാണ്.

അമ്മയില്ലാതെ വളർന്നുകൊണ്ടിരിക്കുന്ന മകളെ വളർത്തുന്നത് പ്രയാസമുള്ള കാര്യമല്ല എന്ന് അമുദവൻ കരുതുന്നുണ്ടെങ്കിലും,മകൾ പ്രായപൂർത്തിയായതിനു ശേഷം അയാൾ മകളുടെ അടുക്കൽ ഒരു സ്ത്രീയെ ആഗ്രഹിക്കുന്നു.ഏതൊരച്ഛനെയും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ് മകൾ ഋതുമതിയാകുന്നത്.എന്നാൽ അതോർത്ത് തേങ്ങുന്ന അമുദവൻ്റെ വേദന പ്രേക്ഷകരെ ആഴത്തിൽ അസ്വസ്ഥമാക്കി.നിസ്സഹായതയുടെ ഒരു നിഴൽ ആ കഥാപാത്രത്തെ സ്പർശിച്ചിരുന്നു. പത്തുവർഷം ദുബായിൽ ആയിരുന്നപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ ഭാര്യ,മകളെ എത്ര അനായാസമായാണ് വളർത്തിയത് എന്ന് അമുദവൻ ചിന്തിച്ചിരിക്കണം.എന്നാൽ പരാലിസിസ് അവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയെ പ്രായപൂർത്തിയായതിനു ശേഷവും സംരക്ഷിച്ച് വളർത്തുക ഏറെ ശ്രമകരമാണെന്ന് അമുദവൻ തിരിച്ചറിയുന്നുണ്ട്.പ്രകൃതിക്ക് മാത്രമാണ് ആണിനേയും പെണ്ണിനേയും വേർതിരിക്കാനുള്ള അതിർത്തികളുള്ളത്. പക്ഷെ ആ അതിർത്തികളൊന്നും ഒരു മണ്ണാങ്കട്ടയുമല്ല,എന്ന് അമുദവൻ ഒരു ഘട്ടത്തിൽ പറയുന്നുണ്ട്. പ്രായപൂർത്തിയായതിനു ശേഷം ചിന്തയിലും വികാര വിചാരങ്ങളിലുമുള്ള പരിണാമങ്ങൾ പാപ്പയിൽ വ്യാപൃതമാകുന്നത് അമുദവൻ തിരിച്ചറിയുമ്പോൾ,ഉള്ളലിയിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് പേരൻപ് സമ്മാനിക്കുന്നത്.

മനുഷ്യ ബന്ധങ്ങൾക്കിടയിലെ സങ്കീർണതകൾ വഴക്കത്തോടെ സൂക്ഷ്മമായി അഭിനയിക്കുന്നതിൽ മമ്മൂട്ടി എന്ന നടൻ്റെ വൈഭവം എത്രയോ വലുതാണ്. കണ്ണിൻ്റെ ചലനങ്ങളിലും,ശബ്ദത്തിൻ്റെ ഏറ്റക്കുറച്ചിലുകളിൽ പോലും പേരൻപിൽ മമ്മൂട്ടി അവിസ്മരണീയമായി.90 ശതമാനത്തോളം ക്ലോസപ്പ് ഷോട്ടുകളാണ് മിക്ക കഥാപാത്രങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകിച്ചും മമ്മൂട്ടിക്ക്.ഭൂതക്കണ്ണാടിയിലെ വിദ്യാധരനെയും,അമരത്തിലെ അച്ചൂട്ടിയെയും,തനിയാവർത്തനത്തിലെ ബാലൻമാഷെയും,വാത്സല്യത്തിലെ രാഘവൻ നായരെയും എല്ലാം തൻ്റെ അഭിനയസിദ്ധി കൊണ്ട് വിസ്മയിപ്പിച്ച, മമ്മൂട്ടി എന്ന മഹാനടൻ്റെ ഒരു മികച്ച തിരിച്ചുവരവ് കൂടിയാണിത്. പാപ്പയായി അഭിനയിച്ച സാധനക്ക് ആ കഥാപാത്രത്തോടുള്ള അർപ്പണബോധം തീർത്തും പ്രശംസനീയമാണ്.അസാധ്യ പ്രകടനമാണ് സാധന കാഴ്ചവെച്ചത്.ഒരു സ്ത്രീ മകളെ പരിപാലിക്കുന്നത് എത്ര സാധാരണമാണെന്ന് വിജി എന്ന കഥാപാത്രത്തിൻ്റെ വരവോടെ അമുദവൻ നേരിട്ട് കാണുന്നു. കഥാമധ്യത്തിൽ ട്രാൻസ്ജെൻഡർ കഥാപാത്രമായെത്തിയ അഞ്ജലി അമീറിൻ്റെ മീര എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിൽ നിലകൊള്ളുന്ന ജെൻഡർ രാഷ്ട്രീയത്തിൻ്റെ ഉള്ളറകളെ നിശിതമായി വിമർശിക്കുന്നുണ്ട് സംവിധായകൻ.അമുദവൻ്റെ കൂടെ മീര കാറിൽ യാത്രചെയ്യുമ്പോൾ അവൾ ഡോറിൻ്റെ ഗ്ലാസ് താഴ്ത്തി കാറ്റ് ആസ്വദിക്കുന്ന ഒരു നിമിഷം, ട്രാൻസ്ജെൻഡറുകളോട് സമൂഹത്തിനുള്ള കാഴ്ച്ചപ്പാടുകളെ അവൾ അപ്പോൾ സ്വയം വിസ്മരിക്കുന്നുണ്ട്.അല്പനേരം കൊണ്ട് അവൾ അവളിലെ വ്യഥകളെ മറക്കുന്നു.

തിരക്കഥയുടെ ശക്തിയാണ് പേരന്പിനെ നയിക്കുന്നത്.കഥയുടെ സഞ്ചാരപഥങ്ങളിൽ വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിലുള്ള കഥാപാത്രങ്ങൾ കടന്നു വരുമ്പോഴും കഥയുടെ മൂല്യം ഒട്ടും ചോർന്നു പോകാതെ ആഖ്യാന രസത്തോടു കൂടി റാം പേരൻപ് ഒരുക്കിയിരിക്കുന്നു. ചിത്രത്തിലുടനീളം തേനി ഈശ്വറിൻ്റെ ഛായാഗ്രഹണം അങ്ങേയറ്റം മികച്ചു നിന്നു.പകർത്തിയ ദൃശ്യങ്ങളെ അടുക്കും,ചിട്ടയോടും കൂടി ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്തിരിക്കുന്നു. ഓരോ സീനിലും അഭിനയ മുഹൂർത്തങ്ങൾക്കിടയിൽ മുളപൊട്ടുന്ന യുവൻ ശങ്കർ രാജ നിർവ്വഹിച്ച പശ്ചാത്തല സംഗീതം ഹൃദയം കവർന്നെടുത്തു, അതുപോലെ പാട്ടുകളും.
ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത ശബ്ദമിശ്രണമായിരുന്നു.പ്രകൃതിയിലെ ശബ്ദവിന്യാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് ഒപ്പിയെടുത്ത് സിനിമയിലേക്ക് ചേർക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു.
ക്ലൈമാക്സിൽ അമുദവനും, പാപ്പയും മറ്റൊരു ലോകത്തിലെക്ക് പോകാനൊരുങ്ങുമ്പോൾ,മീര അവരെ പുന:രുജ്ജീവിപ്പിക്കുന്നു. മറ്റൊരു ലോകത്തിലേക്ക് കടലാഴം കടന്ന് പോകാനുള്ള അവരുടെ യാത്രയെ വഴിമുടക്കിയ മീരയാണ് മൂവരുടെയും പേരൻപിലേക്കുള്ള യാത്രക്ക് വഴിവെച്ചത്.

കോഡ് നമ്പർ 4

ഒരു സഹപാഠിയുടെ ജീവിതത്തിലെ സംഭവിച്ചതും,ഇനി തിരിച്ചു കിട്ടാത്തതുമായ ഒന്നാണ് ഈ കഥ…!

വെള്ളത്തിനടിയിലൂടെ കൈയ്യോടിച്ച് അതിലെ പരൽ മീനുകളെ പിടിക്കാൻ നോക്കുകയാണ് ആമിന. കൈതോടൊഴുകുന്നതിനപ്പുറം മൂന്ന് തെങ്ങപ്പുറെ മാറി നാണിക്കുട്ടിയമ്മ പറമ്പിലെ പാകമായ പയർ പൊട്ടിച്ച് കൊട്ടയിലാക്കുന്നുണ്ടായിരുന്നു.പരാജയപ്പെട്ടിട്ടും ആമിനക്കുട്ടി മീനുകളെ ഒരു പുഞ്ചിരിയോടെ നേരിട്ടു. കുറേ നേരമായുള്ള ആമിനയുടെ മീനുകളുമായുള്ള മല്ലിടൽ അവസാനിപ്പിക്കുന്ന മട്ടിൽ നാണിക്കുട്ടിയമ്മ പറഞ്ഞു, ‘ആമിനക്കുട്ട്യേ.. ആടെന്താ വല്ലുപ്പ ചോയ്ക്കിണ്ടാവും.. പോയി നോക്കല്ലെ അവിടെ..? നാണിക്കുട്ടിയമ്മയുടെ കനത്തിലുള്ള ശബ്ദം കേട്ട് ആമിന പയർ പറിക്കാനോടി വന്നു. ‘വല്ലുപ്പ നല്ല ഒറക്കാണ് നാണ്യേമ്മെ.. പനി മാറീട്ടില്ല..’ ആമിന മറുപടിയായി പറഞ്ഞു. ‘ ഇന്റെ പറീല് കയിഞ്ഞു, കുട്ടീനെ ഞാനാടെ ആക്കിത്തരാം…’ ഇതും പറഞ്ഞ് ആ വലിയ കൊട്ടയും തലയിലേക്കു വെച്ച് ഇരുവരും നടന്നു.

പോകുന്ന വഴിയിൽ നാണിക്കുട്ടിയമ്മയുടെ കൈയ്യിലെ പിടി വിട്ട് ആമിന വികൃതിത്തരങ്ങൾ തുടർന്നു. കുളപടവിലേക്കോടി വെള്ളം കേറിയോന്നു നോക്കി, വാസുവേട്ടന്റെ പറമ്പിലെ ചാമ്പക്ക പൊട്ടിച്ചു തിന്നു, ഖാദറിക്കയുടെ പൈക്കിടാവിന്റെ പിന്നാലെ നടന്നു, പാടത്തെ പ്രായപൂർത്തിയായ നെൽക്കതിരുകൾ പൊട്ടിച്ചെടുത്തു.. അങ്ങനെ വീടെത്തി,വൈക്കോൽ കൂനയിലേക്ക് ആമിന ഒറ്റച്ചാട്ടം. ചാടി മറിഞ്ഞു കൊണ്ടിരിക്കുന്ന ആമിനയെ പറമ്പിലെ പണിക്കാരെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ കളി അവരിൽ ഒരു വലിയ ആസ്വാദനം നിറച്ചു.പുല്ലും, പൊന്തയും വെട്ടുന്ന ആങ്ങുവേട്ടൻ, പൈക്കളെ നോക്കുന്ന വേലായുധേട്ടനും ഭാര്യ രമണി ചേച്ചിയും, കൊപ്ര ഇറക്കുന്ന വർക്കിച്ചേട്ടൻ, അയൽവാസിയായ ബാലൻ മാസ്റ്ററുമെല്ലാം ഒരു പുഞ്ചിരിയോടെ അതെല്ലാം നോക്കിക്കണ്ടു.
ആമിനക്ക് ആറ് വയസ്സായതേയുള്ളൂ. ശരിയായ പേര് സന. ഇതവളുടെ ഉമ്മ ഖദീജയുടെ വീടാണ്. ഗൃഹനാഥൻ സിദ്ദീഖ് അബൂബക്കർ ഹാജിയാരുടെ വീട്. അവൾക്കിവിടാണ് സ്വർഗ്ഗം. ഒന്നാം ക്ലാസിൽ പഠിക്കുന്ന അവൾക്കിപ്പോൾ ഓണാവധിയാണ്.
ആമിന ആരെയും കൂസാതെ കളി തുടരുകയാണ്. നീലയുടുപ്പുമിട്ടുള്ള അവളുടെ വികൃതികൾ ബാലൻ മാഷിൽ കണ്ടു മറന്ന പഴയൊരു ചൈനീസ് പെയിന്റിംങിനെ ഓർമ്മിപ്പിച്ചു.അടുക്കളയിൽ നിന്ന് ഖദീജ ആക്രോശിച്ച് കൊണ്ട് പറഞ്ഞു, ‘വല്ലുപ്പ നീച്ചീന്ട്ടോ.. അന്നെ ചോയ്ക്കിണ്ട്… സല്യപ്പെടുത്തണ്ടട്ടോ..ഞാൻ വടിയെടുക്കണോ..! ഇങ്ങണ്ടെറങ്ങ്..’?
അവൾ ഉടനെ വലുപ്പയുടെ മുറിയിലേക്കോടി ചോദിച്ചു, ‘വല്ലുപ്പ ഇങ്ങളെ കുട്ടിക്ക് വല്ലിപ്പാനെ വല്യ ഇഷ്ടാണല്ലോ…’ അവൾ കണ്ണുരുട്ടി ചോദിച്ചു.
പിന്നില്ലാണ്ടിരിക്ക്യോ.. ന്റെ കുട്ട്യല്ലെ അന്റുമ്മ…’
ഇതും പറഞ്ഞ് അയാൾ ലോലമായി നെഞ്ചൊന്ന് സ്വയം തടവി.ഖദീജ കൊണ്ടുവന്ന ചുക്കുകാപ്പിയും മൊത്തിക്കുടിച്ച് ജനലഴിയിലൂടെ വയലിലേക്ക് പരതി നോക്കി. ഉടുത്ത വേഷ്ടി അഴിച്ചിട്ട് കള്ളിത്തുണിയും മീതെ അരക്കെട്ടിൽ പച്ചപ്പട്ട ബെൽറ്റും പിടിപ്പിച്ചു, വലിയ കയ്യുള്ള വെള്ള ഷർട്ടും ധരിച്ച്, സ്ഥിരമായ് കൈയ്യിൽ കരുതാറുള്ള വടിയുമെടുത്ത് ആമിനയെയും കൂട്ടി പറമ്പിലെക്ക് നടന്നു.
കളത്തിൽത്തൊടിയിൽ സിദ്ദീഖ് അബൂബക്കർ ഹാജിയാർ, വയസ്സ് എഴുപത്തി ആറായി. നീണ്ട വെളുത്ത താടിയും, മീശയും, കൊഴിയാത്ത നരയുടെ അനന്തതയിലേക്ക് നീങ്ങിയ മുടി മുകളിലേക്ക് ചികിയിരിക്കുന്നു. പോരാത്തതിന് ഉയരമുള്ള മനുഷ്യൻ. പോകുന്ന വഴിയെ ഹാജിയാര് ഒരു നീണ്ട ചുമയും പാസാക്കി അരക്കെട്ടിലിരുന്ന ദിനേശ് ബീഡിയെടുത്തു പുകച്ചപ്പോൾ അതിന്റെ മണം ആമിനക്ക് അസഹനീയമായി തോന്നി. ‘വല്ലുമ്മ നാളെ വരും ഞാൻ പറഞ്ഞൊടുക്ക്‌ണ്ട് വല്ലുപ്പ’ ഒരു കുഞ്ഞു ദേഷ്യത്തോടെ അവൾ പറഞ്ഞു. അതിന് എഴുപതു പിന്നിട്ട ആ മനുഷ്യൻ കൃത്രിമമായി ഒരു കുസൃതി ചിരി ഉണ്ടാക്കുകയാണുണ്ടായത്.
ഒരു കർഷകനാണ് അബൂബക്കർ ഹാജി. കാരാട്ടുപറമ്പിലെ ഏറ്റവും വലിയ ധനികൻ. ധാരാളം കർഷകരുള്ള ആ പ്രദേശത്ത് ഹാജിയാര് സർക്കാരിന്റെ കർഷകശ്രീ അവാർഡിന് അർഹനായിരുന്നു. രാസവളം ഒട്ടും തീണ്ടാത്ത അദ്ദേഹത്തിന്റെ പറമ്പുകളും വയലുമെല്ലാം മണ്ണിന്റെ ഫലഭൂയിഷ്ഠതയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. മൂന്നു നാല് വർഷം മുൻപ് ‘കാർഷിക കേരളം’ എന്ന പരിപാടിയുടെ ഒരു ദളം അദ്ദേഹത്തിന് മാത്രം വേണ്ടിയുള്ളതായിരുന്നു. ഇടവഴി പിന്നിട്ട് ചെമ്മൺപാത നിരപ്പിലൂടെ നടന്നു നീങ്ങുമ്പോൾ ആമിന ഹാജിയാരോട് പറഞ്ഞു.’വല്ലുപ്പ ഉസ്ക്കൂള്ള പരിപാടി കാണാൻ വരൂല്ലെ…? മറക്കരുത്ട്ടോ..? ആമിനയുടെ ചോദ്യം കേട്ട് ഹാജിയാര് ഒന്ന് ദീർഘനിശ്വാസം വിട്ടു.അതു വരെ സംഭരിച്ചുവെച്ച ശ്വാസം പുറത്തുവിട്ടപ്പോലായിരുന്നു ഹാജിയാര്. കുറച്ചു നേരത്തിന് ശേഷം ഹാജിയാർ പറഞ്ഞു ‘ ഇന്റെ ആമിനാന്റെ പരിപാടി കാണാൻ വല്ലിപ്പ വരും. ഇതെപ്പളും പറയണ്ടല്ലോ..? ഇത് കേട്ട് തൃപ്തികരമായ വലിയൊരു ചിരി പാസാക്കി ആമിന കൈയ്യും പിടിച്ച് നടന്നു.
പറമ്പിലെ കാര്യങ്ങൾ നോക്കി നടത്താറുള്ളത് ഹാജിയാര് ഒരാള് തന്നെ. മക്കളെ കിട്ടില്ല. അവരിൽ മൂന്ന് പേര് പ്രവാസികളാണ്.
പിന്നെ ആകെക്കൂടി നാട്ടിലുള്ളത് ആമിനയുടെ ഉമ്മ ഖദീജയും. വീട്ടുപണിയൊഴിഞ്ഞ് നേരമില്ല ഖദീജക്ക്, ആമിനയുടെ ഉപ്പയും പ്രവാസി തന്നെ. മക്കളെല്ലാം നാട്ടിലുണ്ടെങ്കിലും ഹാജിയാര് അടങ്ങിയിരിക്കില്ല. എല്ലാം സ്വയം നടന്നു കണ്ട് ചെയ്യണം. ചിലപ്പോൾ അതാകാം ആ ആരോഗ്യത്തിന്റെ രഹസ്യം.’രാമപ്പാ.. ഇയ് വെളയാത്തതൊന്നും ഇടണ്ട.’ തേങ്ങയിടീലുക്കാരന് നിർദ്ദേശം നൽകി ഒരു തേങ്ങയെടുത്തു കുലുക്കിയിട്ട് അതുമെടുത്ത് ഹാജിയാരും ആമിനയും വീട്ടിലേക്ക് നടന്നു.
ഓണനാളടുത്തു, ഉത്രാടവും തിരുവോണവും കെങ്കേമം. അവിട്ടം നാളിൽ കളത്തിൽ തൊടിയിലെ അംഗങ്ങളെ അവരുടെ ഇഷ്ടമിത്രമായ ബാലേട്ടൻ വീട്ടിലേക്ക് ക്ഷണിക്കുന്നത് വർഷാവർഷം ഒരു ഭംഗവും വരാതെ നടക്കാറുണ്ട്. ഊണിന് അധികവും ഇറച്ചിയും,മീനുമായിരിക്കും.രാവിലെ മുതൽ വൈകുന്നേരം വരെ ബാലേട്ടന്റെ വീട്ടിലാണ് ഹാജിയാരും കുടുംബവും ചെലവഴിക്കുക.ബാലചന്ദ്രൻ നാട്ടുക്കാരുടെ ബാലേട്ടൻ,സ്ക്കൂൾ മാഷായിരുന്നു. ഒരു കൊല്ലമായി അടുത്തൂൺ പറ്റിയിട്ട്. കാരാട്ടുപറമ്പത്തെ സാമൂഹികവും സാംസ്ക്കാരികവുമായ സംഘടനകളുടെ ഒരു സാരഥിയായിരുന്നു ബാലൻ മാസ്റ്റർ.അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന്റെ പിറ്റേ ദിവസം കുമ്മാട്ടിക്കളിയും, പുലിക്കളിയുമെല്ലാം കാരാട്ടുപറമ്പത്തെ ഓരോ വീടുകളിലേക്കുമെത്തി.
ഓണം മാത്രമല്ല ചെറിയ പെരുന്നാളും,വലിയ പെരുന്നാളും കളത്തിൽ തൊടിയിൽ വലിയ കൊഴുപ്പേറിയ ആലോഷങ്ങളായിരുന്നു. ആ സമയം ബാലൻ മാസ്റ്ററായിരിക്കും ഹാജിയാരുടെ വീട്ടിലെ മുഖ്യാതിഥി.ഒപ്പം പ്രവാസികളായ മക്കളും അങ്ങോട്ടെത്തും.ഹാജിയാർക്ക് അതൊരു നിർബന്ധമായിരുന്നു.

തിങ്കളാഴ്ച്ച ദിവസം.ആമിനയുടെ സ്ക്കൂളിൽ കലോത്സവം കൊടിയേറി.ആമിന വല്ലുപ്പയുമൊത്ത് രാവിലെ നരീക്കുളത്തിൽ പോയി കുളിച്ചു.ബന്ധുവീടുകളിൽ ഓരോരുത്തരോടും ഇന്നാണെന്റെ പരിപാടി എന്ന് ഒരു നൂറാവൃത്തി അവൾ ചെറിയ വായിൽ പുലമ്പിക്കൊണ്ടിരുന്നു. മിടുക്കി കുട്ടിയായി അവൾ മുടി രണ്ടു ഭാഗം കെട്ടി,യൂണിഫോമിന് പകരം വല്ലുപ്പ വാങ്ങിക്കൊടുത്ത മഞ്ഞപ്പട്ടുപ്പാവാടയാണ് ഇട്ടത്.വിശ്വനാഥേട്ടന്റെ ഓട്ടോറിക്ഷയിലാണ് അവൾ സ്ക്കൂളിൽ പോകാറുള്ളത്. ഒപ്പം അയൽവാസി കുട്ട്യോളും ഉണ്ടാകും. ഓട്ടോയിൽ കയറിയപ്പോൾ ആമിനയോട് വല്ലുപ്പ കൈകാണിച്ച് വീശി,ഒപ്പം വരുമെന്ന പ്രതീക്ഷയിൽ അവളും. ഓട്ടോറിക്ഷ നീങ്ങി, ഞങ്ങളെല്ലാവരും ഒരുമിച്ച് വരാട്ടോന്ന് ഖദീജ പടിക്കലിൽ നിന്ന് വിളിച്ചു പറഞ്ഞത് അവൾ ചെവികൊണ്ടു.
സ്ക്കൂളിൽ എത്തി, നേരം കടന്ന് ഉച്ചയോടടുത്തു. വേദിയിൽ നിന്ന് അനൗൺസ്മെന്റ് വന്നു, എൽ.പി വിഭാഗം മലയാളം പദ്യം ചൊല്ലലിൽ പങ്കെടുക്കേണ്ട കുട്ടികൾ വേദിക്ക് പിന്നിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന്.അവൾ തന്റെ ക്ലാസ് ടീച്ചറോടൊപ്പം പോയി കോഡ് നമ്പർ വാങ്ങിച്ചു.അതവൾ പുത്തൻ പട്ടുപ്പാവാടയിൽ കൊളുത്തിയിട്ടു. പെട്ടെന്ന് വേദിയിൽ നിന്ന് ആമിനയുടെ നമ്പർ അനൗൺസ് വന്നു ‘നാല്’. ആമിനക്കുട്ടി സ്റ്റേജിൽ കയറി,കർട്ടൺ പൊങ്ങി, നാലുപാടുമൊന്നവൾ പരതി നോക്കി.വല്ലുപ്പയും ഉമ്മയും വന്നിട്ടില്ല.വല്ലുമ്മ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു,വന്ന് കാണും. ആരും വന്നില്ല എന്റെ പരിപാടി കാണാൻ ആരുമില്ലേ.ആ കൊച്ചു കുഞ്ഞിന്റെ മനസ്സിൽ ഇതെല്ലാം ഓട്ടപ്രദക്ഷിണം നടന്നു. ആമിനക്ക്‌ കരച്ചിൽ വന്നു, പക്ഷെ ആ കുഞ്ഞ് അതെല്ലാം അടക്കിപിടിച്ചു നിന്നു.പദ്യം മുഴുവനായി ആലപിച്ചു. നിസ്സഹായതയുടെ വേലിയേറ്റം ആ കുഞ്ഞിന് ചുറ്റും പടർന്നു പൊങ്ങിയിരുന്നു. അവൾ ഇമവെട്ടാതെ വേദിയിൽ നിന്നിറങ്ങി ടീച്ചറുടെ അടുത്ത് പോയിരുന്നു. കഠിനമായ ചൂടിന് ആശ്വാസമെന്ന വണ്ണം അന്തരീക്ഷം നേർത്തു തുടങ്ങി.

സ്കൂളിന്റെ മതിലിനപ്പുറത്തു നിന്നും മറ്റൊരു അനൗൺസ് കാതുകളിലേക്കെത്തി. ‘കാരാട്ട് പറമ്പത്ത്, കളത്തിൽത്തൊടിയിൽ വീട്ടിൽ അബൂഹാജി എന്ന സിദ്ദീഖ് അബൂബക്കർ ഹാജി ഇന്ന് കാലത്ത് ഒൻപത് മണിക്ക് മരണപ്പെട്ട വിവരം എല്ലാ നാട്ടുക്കാരേയും ബന്ധുമിത്രാദികളെയും അറിയിച്ചു കൊള്ളുന്നു. പരേതന്റെ ഖബറിടക്കം നാളെ കാലത്ത് കാരാട്ട് പറമ്പത്ത് ജമാഅത്ത് പള്ളിയിലെ ഖബറിസ്ഥാനിൽ നടത്തപ്പെടുന്നതാണ്‌.ഇത് കേട്ട് ആമിനക്കുട്ടി പകച്ചു നിന്നു പോയി. അവളിറങ്ങിയോടി,ഒപ്പം സ്ക്കൂളിലെ അധികൃതരും. വീട്ടിലെത്തിയപ്പോൾ അവൾ കാണുന്നത് വല്ലുപ്പയുടെ ഒരിക്കലും ഉണരാത്ത ഉറക്കമാണ്. അതവളെ അലോസരപ്പെടുത്തി.ഖദീജ അവിടിരുന്ന് കരയുന്നുണ്ട്,ആമിന പട്ടുപ്പാവാടയിൽ കുത്തിവെച്ച കോഡ് നമ്പർ എടുത്ത് തന്റെ വല്ലുപ്പയുടെ മുന്നിൽ വെച്ചു.നാലായിരുന്നു നമ്പർ അതും ഒരു നാലാം തീയതിയായിരുന്നു.അപ്രതീക്ഷിതമായ ആ വിയോഗം കാരാട്ടുപറമ്പിലെ നിവാസികളെ പിടിച്ചുലച്ചു.
അവൾ ഉമ്മക്കരികിലേക്ക് പോയി. ഒപ്പം അടുത്ത് വല്ലുമ്മയുമുണ്ട്.കൊച്ചു കുഞ്ഞായ അവൾ അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ.അവൾ തലച്ചായിച്ച് ഉമ്മക്കരികിൽ കിടന്നു.ആ മിഴികൾ കരയുന്നില്ല. ആ പതർച്ച ഇപ്പോഴുമുണ്ട്. നാട്ടുക്കാർ ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു.ആമിനയുടെ ഉപ്പയും മാമന്മാരും എല്ലാവരുമെത്തി, എന്നാൽ ആരെയും അവൾക്കു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.വിറങ്ങലിച്ച് കിടന്ന് കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകൾ തന്റെ വല്ലുപ്പയുടെ മൃതദേഹത്തിൽ തന്നെയായിരുന്നു.
നേരം കടന്ന് പോയി തുടങ്ങി.മയ്യത്ത് എടുത്തു.വടക്ക് നിന്നും ശക്തമായ കാറ്റടുത്തു. കാലാവസ്ഥ മാറിത്തുടങ്ങിയിരുന്നു. മേഘം മൂടിക്കെട്ടിയിരുന്നു.
കരിയിലകൾ പാറുന്ന ശബ്ദം ഇരമ്പി. മഴയോടൊപ്പം ഇടിയും മിന്നലുമെത്തി. ഇക്കാലം വരെയായിട്ടും അങ്ങനൊരു മഴ അവിടെ പെയ്തിട്ടില്ല.ഒരു പക്ഷേ പ്രകൃതി ആ മനുഷ്യന്റെ നിര്യാണത്തിൽ കരയുന്നതാകാം.ഹാജിയാർ യാത്രയായി.ആറടി മണ്ണിലേക്ക്.കാരാട്ടു പറമ്പ് മുഴുവനും അനുശോചന പ്രവാഹവുമായെത്തി.അവരുടെ പ്രിയ കർഷകനെ യാത്രയയക്കാൻ.പുഴയിൽ ഒഴുക്ക് കൂടി, മരങ്ങൾ കടപുഴകി, പക്ഷിമൃഗാധികൾ ശബ്ദം ഉണ്ടാക്കിത്തുടങ്ങി അപ്പോഴും മഴ കനത്തുകൊണ്ടേയിരുന്നു.